മലയാള സര്‍വകലാശാല ലക്ഷ്യം പൂര്‍ത്തീകരിക്കുമോ?


'മലയാള സര്‍വകലാശാല അടിയന്തരമായി ചെയ്യേണ്ടത് മലയാളത്തെ ജ്ഞാനഭാഷയെന്ന നിലയില്‍ ശക്തിപ്പെടുത്തുകയാണ്. അടിസ്ഥാന സയന്‍സുകളായ രസതന്ത്രം, ഊര്‍ജതന്ത്രം, ജൈവശാസ്ത്രം, എന്നിവയിലെ ആധികാരിക ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണം. അതുപോലെ സോഷ്യല്‍ സയന്‍സുകളിലെ എല്ലാ ക്ലാസിക്കുകളും മലയാളത്തില്‍ ലഭ്യമാക്കണം. സര്‍വമാനവിക വിഷയങ്ങളിലേയും വിശ്വോത്തര കൃതികള്‍ക്ക് മലയാള പരിഭാഷയുണ്ടാവണം'. മലയാള സര്‍വകലാശാല ചെയ്യേണ്ടത്-എന്ന തലക്കെട്ടില്‍ ശ്രീ രാജന്‍ ഗുരുക്കള്‍ മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തില്‍നിന്നെടുത്ത ഭാഗമാണിത്.

എന്നാല്‍ സര്‍വകലാശാലയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം എങ്ങനെയാണ് മലയാള ഭാഷയെ ശക്തിപ്പെടുത്തുക?

എം. എ മാധ്യമപഠനം എന്ന പേരില്‍ തുടങ്ങിയ കോഴ്‌സ് എം.സി.ജെ ആക്കി. കൂടുതല്‍ ജോലി സാധ്യത നോക്കി മലയാളത്തെ അവഗണിച്ച് ഇംഗ്ലീഷ് മാധ്യമപഠനത്തിന് പ്രാധാന്യം നല്‍കി കരിക്കുലം തയ്യാറാക്കി. ഈ വിഭാഗത്തില്‍ നിയമച്ച അധ്യാപകര്‍ എം.സി.ജെ യോഗ്യതയുള്ളവരാണ്. മലയാളത്തില്‍ അടിസ്ഥാന യോഗ്യതപോലും ഇവര്‍ക്ക് വേണമെന്നില്ല.

ഭാഷാശാസ്ത്രം വിഭാഗത്തിലും സംഭവിച്ചത് അതുതന്നെയാണ്. എം.എ ലിഗ്വിസ്റ്റിക്‌സ് പഠിച്ചവരാണ് ഈ വിഭാഗത്തില്‍ അധ്യാപകരായത്.  എം.എ മലയാളവും മലയാള വ്യാകരണം ഭാഷാശാസ്ത്രം എന്നിവയില്‍ പിഎച്ച്ഡിയും നേടിയവര്‍ ധാരാളം ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചതെന്നോര്‍ക്കണം. മലയളത്തിന്റെ ഉന്നമനം പുതിയ സാഹചര്യത്തില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാകും?

ചര്‍ച്ചയിലേയ്ക്ക് ക്ഷണിക്കുന്നു.



3 comments:

  1. രശ്മി കെ.പി28 July 2013 at 07:12

    മലയാളം സര്‍വകലാശാലയില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ഉടനെ ജോലി ലഭിക്കുന്ന തരത്തിലാണ് കോഴ്‌സുകള്‍ രൂപപ്പെടുത്തുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രസംഗിച്ചതായി കണ്ടു. സര്‍വകലാശാല കോഴ്‌സുകളുടെ ലക്ഷ്യം ജോലി സാധ്യതമാത്രമാണെന്നു വരുന്നു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയെന്ന, ബില്ലിലുള്ള ഉന്നത ലക്ഷ്യം അട്ടിമറിക്കപ്പെടുന്നു. മലയാളം പഠിച്ചാല്‍ ജോലി കിട്ടില്ലെന്ന ചിന്ത ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമാണ്. എന്റെ അറിവില്‍ മലയാളം പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടിയവരാരും ജോലി ലഭിക്കാത്തവരായി ഉണ്ടെന്ന് തോന്നുന്നില്ല..മലയാളിക്കുപോലും മലയാളത്തോട് പരിഗണനയില്ലെങ്കില്‍ മലയാളഭാഷക്ക് എന്തുലഭിക്കാന്‍...?

    ReplyDelete
  2. ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും.മാതൃ ഭാഷ പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.സമൂഹത്തിന്റെ പൊതു നന്മക്കു മാതൃ ഭാഷ അനിവാര്യമാണ്.ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം..മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ. ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.

    ReplyDelete
  3. ദ്രാവിഡ ഭാഷകളായ തമിഴ് , തെലുഗു , കന്നഡ എന്നിവയിൽ തമിഴ്ഭാഷയ്ക്കുവേണ്ടി 1981 ലും തെലുഗുവിനുവേണ്ടി 1985 ലും കന്നടയ്ക്കുവേണ്ടി 1991 ലും സർവ്വകലാശാലകൾ സ്ഥാപിതമായപ്പോൾ മലയാളഭാഷയ്ക്കുവേണ്ടിയൊരു സർവ്വകലാശാല സ്ഥാപിക്കനായത് 2012 -ൽ മാത്രമാണ് . മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പഠനവും ഗവേഷണവും മുന്നില്കണ്ടുകൊണ്ട് നിലവിൽ വന്ന മലയാള സർവ്വകലാശാലയിൽ തുടങ്ങിയ കോഴ്സുകൾ തികച്ചും നിര്ഭാഗ്യകാരം തന്നെ .
    ഇന്ത്യൻ ഭാഷകളിലും ലോക ഭാഷകളിലുമുള്ള മഹത്തായ കൃതികൾ മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്ത് ഏതു സാധാരണക്കാരനും പ്രാപ്യമാക്കുക എന്ന ലക്‌ഷ്യം പൂര്ത്തീകരിക്കപ്പെടുമോ എന്നതാണ് മറ്റൊരു ആശങ്ക .
    ശ്രീമതി രശ്മി കെ പി സൂചിപ്പിച്ചതുപോലെ മലയാളിക്കുപോലും ഇന്ന് മലയാളത്തിനോട് യാതൊരു പരിഗണനയും ഇല്ലാത്ത അവസ്ഥയാണ്‌ . ഇയോരവസ്തയിലും മാത്ര്ഭാശാപഠനം തിരഞ്ഞെടുക്കുന്നവർക്കായി മലയാള സർവ്വകലാശാല രൂപപ്പെടുത്തിയ കോഴ്സുകൾ ഒട്ടും അനുയോജ്യമല്ലെന്ന് തന്നെ പറയാം .

    ReplyDelete